ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സി.പി.എമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സി.പി.എമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാമി വിവേകാനന്ദൻ, നാരായണ ഗുരു, അയ്യൻകാളി എന്നിവരെ മാതൃകയാക്കാത്തതാണ് സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം. കേരളത്തിൽ എമ്പാടും പ്രത്യേകിച്ച് കണ്ണൂരിൽ ചെങ്കൊടിയിൽ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്‌തിരിക്കുന്നത്. എന്നാൽ ചെഗുവേര ഇന്ത്യയിൽ വന്നപ്പോൾ സി പി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിക്കാൻ പോയില്ല. കാരണം അവർക്ക് ചെഗുവേരയുടെ യഥാർത്ഥ ചരിത്രം നന്നായി അറിയാമായിരുന്നു.

ഗോഡ്‌സെയുടെ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയെ ലോകസഭയിൽ എത്തിച്ചത് അന്നത്തെ സി.പി.ഐ ആയിരുന്നുവെന്ന കാര്യം പിണറായി മറക്കരുത്. സി.പി.ഐയിൽ ചേരുന്നതിന് തൊട്ടു മുൻപ് വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഇക്കാര്യം മറച്ചു വെച്ച്
ആർ.എസ്.എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ വൈവിദ്ധ്യം നിലനിർത്താനാണ് ബിജെപി യാത്ര നടത്തുന്നത്.
ഒരു കൊടിയും, ഒരു പാർട്ടിയും മതിയെന്ന സി.പി.എം നിലപാട് അംഗീകരിക്കാൻ ആവില്ല. ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സി.പി.എം അതിൽ നിന്ന് പിന്മാറണം, കുമ്മനം വ്യക്തമാക്കി.