ചികിത്സ കിട്ടാതെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരിക്കേറ്റ മരുകനെ ആംബുലൻസിൽ എത്തിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 15 വെന്‍റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ കോളജ് സൂപ്രണ്ടന്‍റ്, പ്രിന്‍സിപ്പൽ എന്നിവരുടെ റിപ്പോർട്ട് പൊലീസിന് കൈമാറിയെന്നാണ് വിവരം.

ആഗസ്റ്റ് ആറാം തീയതി രാത്രിയാണ് മരുകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഉപയോഗ്യമായ 15 വെന്‍റിലേറ്ററുകൾ ഉണ്ടായിരുന്നു. ട്രോമ ന്യൂറോ സർജറി ഐ.സി.യുവിൽ രണ്ടും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി ഐ.സി.യുവിൽ അഞ്ചും വെന്‍റിലേറ്ററുകളാണ് സ്റ്റാന്‍ഡ്ബൈ ആയി ഉണ്ടിയിരുന്നത്.

ഹൃദ്രോഗ വിഭാഗം ഐ.സി.യുവിലെ രണ്ടെണ്ണത്തിൽ ഒരെണ്ണം കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്നു. പൊള്ളൽ ചികിത്സാ വിഭാഗം, അവയവമാറ്റ ചികിത്സാ വിഭാഗം ഐ.സി.യു, സർജറി ഐ.സി.യു എന്നിവിടങ്ങളിലും വെന്‍റിലേറ്ററുകൾ ലഭ്യമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ 15 വെന്‍റിലേറ്ററുകളിൽ ഒരെണ്ണം ഉപയോഗിച്ചിരുന്നുവെങ്കില്‍ മുരുകന്‍റെ ജീവന്‍ രക്ഷിക്കാൻ സാധിച്ചേനെ.