ഗുജറാത്തും മഹാരാഷ്‌ട്രയും പെട്രോൾ- ഡീസൽ നികുതി കുറച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഗുജറാത്തും മഹാരാഷ്‌ട്രയും പെട്രോൾ- ഡീസൽ നികുതി കുറച്ചു. ഗുജറാത്ത് സർക്കാർ നാല് ശതമാനമാണ് ഇന്ധന നികുതി കുറച്ചത്. ഇതോടു കൂടി ഗുജറാത്തിൽ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറയും. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

മഹാരാഷ്‌ട്രയിൽ യഥാക്രമം രണ്ട് രൂപയും ഒരു രൂപയുമാണ് പെട്രോളിനും ഡീസലിനും കുറഞ്ഞത്. ജനങ്ങൾക്കുള്ള സർക്കാരിന്റെ ദീപാവലി സമ്മാനമാണിതെന്ന് മഹാരാഷ്‌ട്ര ധനകാര്യമന്ത്രി സുധീർ മുഗന്ധിവാർ പറഞ്ഞു. എന്നാൽ ഇതുവഴി സർക്കാരിന് നഷ്‌ടം 2000കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റി‌ലിയും നികുതി ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു. എന്നാൽ ഇന്ധന നികുതി കുറയ്‌ക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളം എടുത്തിരിക്കുന്നത്.