കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അരമനയിൽ തടഞ്ഞുവച്ചവർക്കെതിരെ പൊലീസിൽ പരാതി

കൊച്ചി: സീറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരിയെ അരമനയിൽ തടഞ്ഞുവച്ചവർക്കെതിരെ പൊലീസിൽ പരാതി. കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേശക ഇന്ദുലേഖ ജോസഫാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. കർദ്ദിനാളിനെതിരായ ബലപ്രയോഗവും തടഞ്ഞുവയ്ക്കലും ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചതിനാൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അങ്കമാലി അതിരൂപതയുടെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്യാൻ വ്യാഴാഴ്ച നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കാതിരിക്കാനാണ് കെന്നഡി കരിമ്പിൻകാലയിൽ, വി.വി. അഗസ്റ്റിൻ, സാബു ജോസ് എന്നിവർ കർദ്ദിനാളിനെ തടഞ്ഞുവച്ചത്. കലഹം ഒഴിവാക്കാനാണ് പൊലീസ് ഇടപെടൽ വേണ്ടെന്ന് കർദ്ദിനാൾ പറഞ്ഞത്. ബിഷപ്പ് ഹൗസിൽ അതിക്രമിച്ചുകയറി കർദ്ദിനാളിനെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാണ്. മൂന്നുപേർക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

സർക്കാർ ഏജൻസി അന്വേഷിക്കണം: നവീകരണ പ്രസ്ഥാനം
എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് സർക്കാർ ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം ആവശ്യപ്പെട്ടു. പ്രതികളല്ല അന്വേഷണ കമ്മിഷനെ നിയോഗിക്കേണ്ടതെന്ന് പ്രസ്ഥാനം ചെയർമാൻ സി.വി. സെബാസ്റ്റ്യൻ, സെക്രട്ടറി ഷാജു തറപ്പേൽ, ട്രഷറർ കെ. ജോർജ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
അന്വേഷണം തീരുംവരെ കുറ്റാരോപിതർ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്ഥലമിടപാടിലെ ക്രമക്കേട് ഒറ്റപ്പെട്ട സംഭവമല്ല. എറണാകുളത്ത് പുറത്തുവന്നെന്നേയുള്ളു. കാനോൻ നിയമങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് സ്ഥലമിടപാട് നടത്തിയത്. അരമനകളിൽ പലതും ചീഞ്ഞുനാറുന്നതിന്റെ സൂചനയാണിത്.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കമ്മിഷൻ ശുപാർശ ചെയ്ത ചർച്ച് ആക്ട് നടപ്പാക്കണം. ക്രൈസ്തവർ ഒഴികെ എല്ലാ വിഭാഗങ്ങളുടെയും സ്വത്തുക്കൾ രാജ്യത്തെ നിയമപ്രകാരമാണ് ഭരിക്കപ്പെടുന്നത്. സഭാ സ്വത്തുക്കൾ കാനോൻ നിയമപ്രകാരമാണ് ഭരിക്കുന്നത്. രൂപതയുടെ ആസ്തി മുഴുവൻ മെത്രാന്റെ സ്വത്താണ്. ക്രൈസ്തവസഭകളുടെ സ്വത്തും നിയമത്തിന് കീഴിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.