കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന് സി.പി.എം പോളിറ്റ് ബ്യുറോ തീരുമാനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന് സി.പി.എം പോളിറ്റ് ബ്യുറോ തീരുമാനം. പി.ബി തീരുമാനം കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ആകാമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. ബംഗാള്‍ ഘടകം ഇതിന് പിന്തുണ നല്‍കി. എന്നാല്‍ കേരള ഘടകവും കാരാട്ട പക്ഷവും ഇതിനെ എതിര്‍ത്തു.

പി.ബിയിലെ ഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് ബന്ധം വേണ്ടന്ന നിലപാടിലാണ്. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായത്. വിഷയത്തില്‍ യെച്ചൂരിയുടെ വിയോജനക്കുറിപ്പ് അടക്കം ഇനി കേന്ദ്രകമ്മറ്റിയുടെ പരിഗണനയ്ക്ക് വരും. കഴിഞ്ഞ മാസം ചേര്‍ന്ന സി.പി.എം പിബിയില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല.

മുഖ്യ എതിരാളിയായി പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ നയരൂപീകരണം വേണമെന്ന് സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്തണമെന്നും ഇടതു ജനാധിപത്യ മുന്നണി മതിയെന്നും തീരുമാനിച്ചിരുന്നു.