കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റി

കൊല്ലം : എതിർപ്പുകൾ മറികടന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോയതാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റിയതിനു പിന്നിലെന്ന് ആക്ഷേപമുയരുന്നു. ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിറുത്തിയതുൾപ്പെടെ കൈക്കൊണ്ട നടപടികൾ തൊഴിലാളിസംഘടനകളുടെ എതിർപ്പിനിടയാക്കിയിരുന്നു. സാമ്പത്തികബാദ്ധ്യത വരുത്തുന്ന രീതിയിൽ പുതിയ സൂപ്പർ തസ്തികൾ സൃഷ്ടിക്കാനുള്ള വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ നീക്കത്തിന് രാജമാണിക്യം തടയിട്ടതും അതിനെതിരെ വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതിയതും വിവാദമായിരുന്നു. അദർഡ്യൂട്ടികൾ ഒഴിവാക്കിയതും അവധികൾ നിയന്ത്രിച്ചതും ഭരണത്തിൽ ട്രേഡ് യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും എതിർപ്പുകളുണ്ടാക്കി. സ്വകാര്യബസ് ഉടമകളായ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും അടുത്തിടെയാണ്.

നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയെ ശക്തമായ തീരുമാനങ്ങളിലൂടെ കരകയറ്റാനുള്ള രാജമാണിക്യത്തിന്റെ പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ എം.ഡി സ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനം. കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് രാജമാണിക്യത്തെ കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ചത്. അന്ന് ഗതാഗത മന്ത്രിയുടെ ശുപാർശ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് രാജമാണിക്യത്തിന്റെ പേര് നിർദ്ദേശിച്ചത്. കോർപറേഷനിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർണായകഘട്ടത്തിലാണ് മേധാവിയെ മാറ്റുന്നത് . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. അന്തർ സംസ്ഥാന പാതകളിൽ വാടക ബസുകൾ ഓടിക്കാനുള്ള തീരുമാനവും അന്തിമവേളയിലായിരുന്നു. അടുത്തിടെ പ്രതിദിന കളക്‌ഷൻ 4.75 കോടിയിൽ നിന്ന് 6 കോടിയിലെത്തിയിരുന്നു.

‘എന്നെ ഏല്പിച്ച ചുമതല ഭംഗിയായി നിർവഹിച്ചുവെന്നാണ് വിശ്വാസം. പുതിയ ചുമതല ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കും- രാജമാണിക്യം