കാറ്റലോണിയ: അന്തിമ തീരുമാനം സ്‌പെയിനുമായുള്ള ചർച്ചകൾക്ക് ശേഷമെന്ന് പ്രസിഡന്റ് കാർലസ് പ്യൂജിമൗണ്ട്

മാഡ്രിഡ്: സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയ മാതൃരാജ്യമായ സ്‌പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കാറ്റലോണിയൻ പ്രസിഡന്റ് കാർലസ് പ്യൂജിമൗണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം ജനങ്ങളും സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ചതായും ജനഹിതമനുസരിച്ചാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്തിമ തീരുമാനം സ്‌പെയിനുമായുള്ള ചർച്ചകൾക്ക് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ മേഖലയായ കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമായിരുന്നു.

അടുത്തിടെ സ്‌പെയിനിന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് കാറ്റലോണിയയിൽ നടത്തിയ ഹിതപരിശോധന വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ 90 ശതമാനം പേരും തങ്ങളെയാണ് പിന്തുണച്ചതെന്ന് പ്യൂജിമൗണ്ട് അവകാശപ്പെട്ടിരുന്നു.ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള വാതിലുകൾ തുറന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സാഹചര്യം ഇങ്ങനെയാണെങ്കിലും സ്വാതന്ത്ര്യമാകാനുള്ള അന്തിമ തീരുമാനം സ്‌പെയിൻ പാർലമെന്റിൽ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

ഹിതപരിശോധനയ്‌ക്കിടെ പോളിംഗ് സ്റ്റേഷനിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ 760 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌പെയിൻ ഭരണകൂടം വിലക്കിയ സ്വതന്ത്ര ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയതിനാണ് പൊലീസ് ജനങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു.