കലയ്‌ക്ക് പ്രാധാന്യം നൽകി പുതുക്കിയ കലോത്സവ മാന്വൽ

തിരുവനന്തപുരം: കലയ്‌ക്ക് പൂർണ്ണ പ്രാധാന്യം നൽകി ആഡംബര രഹിതമായ സ്‌കൂൾ കലോത്സവങ്ങളാണ് ഇനി നടക്കുക. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ കലോത്സവ മാന്വൽ അതാണ് കാണിക്കുന്നത്. ഘോഷയാത്ര പോലും വേണ്ടെന്ന് വയ്‌ക്കുന്നത് ആഡംബരം ഒഴിവാക്കിയതിന്റെ ഭാഗമാണ്.

മത്സരങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങൾ ധരിച്ചാൽ മാർക്ക് കുറയും. കലയുമായി ബന്ധപ്പെട്ടുള്ള വേഷങ്ങളാണ് അണിയേണ്ടത്. കലോത്സവം ഹരിതാഭമാക്കാനും പ്ളാസ്‌റ്റിക്ക് ഒഴിവാക്കാനും ഗ്രീൻ പ്രോട്ടോക്കോൾ എന്ന പുതിയ കമ്മിറ്റിയും വരുന്ന കലോത്സങ്ങളുടെ പ്രത്യേകതയാണ്. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഈ കമ്മിറ്റിയു‌ടെ ചെയർമാനായിരിക്കും. ഘോഷയാത്രയ്‌ക്ക് പകരം കലോത്സവ വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യവിസ്‌മയം സംഘടിപ്പിക്കാമെന്നും മാന്വൽ നിർദ്ദേശിക്കുന്നു. ധനവ്യയം കുറച്ച് വിവാദങ്ങളുണ്ടാകാത്ത രീതിയിലാണ് മാന്വൽ പരിഷ്‌കരിച്ചരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ആമുഖമായി പറയുന്നു.

*മാന്വലിലെ പ്രധാന തീരുമാനങ്ങൾ
നാടോടി നൃത്തത്തിന് ആഡംബരം പാടില്ല. പാട്ട്, ആട്ടം, വേഷം, ചുവട് ഇവയിൽ നാടോടി തനിമ പ്രകടമാകണം. അനുയോജ്യമായ രൂപവും വേഷവിധാനവുമായിരിക്കണം. അത് ലംഘിച്ചാൽ മാർക്ക് കുറയും.

മാർഗം കളിക്ക് 6 മീറ്റർ നീളമുള്ള മുണ്ട് വേണം.ഒപ്പനയ്ക്ക് ഉപയോഗിക്കുന്ന ചട്ട മാർഗം കളിക്ക് ഉപയോഗിക്കരുത്.

നാടക മത്സരത്തിൽ ഏകാങ്ക നാടകമോ, വലിയ നാടകത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളോ ആകാം.

ദേശഭക്തി ഗാനത്തിൽ മലയാള ഗാനം തന്നെ വേണമെന്നില്ല. ദേശീയോദ്ഗ്രഥന സന്ദേശം നൽകുന്നതായിരിക്കണം.

ഗൗരവപൂർണ്ണമായ നാടകീയ മുഹൂർത്തത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കണം സ്‌കിറ്റ്.

വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലിയും ആറന്മുള ശൈലിയുമായതിനാൽ മൂന്ന് വിധി കർത്താക്കളിൽ ഒരാൾ ആറന്മുള ശൈലിയിൽ പ്രാവിണ്യം നേടിയതായിരിക്കണം.

വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്കോളർഷിപ്പ് നൽകും.

ചവിട്ടു നാടകം, സംഘനൃത്തം, നാടകം എന്നിവയ്‌ക്ക് അപകടമുണ്ടാക്കുന്ന വസ്‌തുക്കൾ ഉപയോഗിക്കരുത്.

നാടൻ പാട്ടിന്റെ പാരമ്പര്യം സ്‌റ്റേജിൽ പറയണം. വാമൊഴിയായി കിട്ടിയ പാട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ.

ഉറുദു സംഘഗാനത്തിന് വസ്ത്രാലങ്കാരത്തിന് മാർക്കില്ല.

ഗസലിൽ ശ്രുതി, തബല, ഹാർമോണിയം നിർബന്ധം. ഗസൽ ഉറുദു ഭാഷയിൽ ആലപിക്കണം.

മത്സരങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.

എല്ലാ മത്സരത്തിലെയും പിന്നണിയിലുള്ള കുട്ടികൾക്ക് ഗ്രേഡ് സർട്ടിഫിക്കേറ്റ് നൽകും.

പൂരക്കളി തറനരപ്പിൽ നടത്തണം.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഒഴിവാക്കി. എ,ബി.സി ഗ്രേഡുകൾ നിലനിർത്തി.