ഓഖി: ഇനിയും കണ്ടെത്താനുള്ളത് 132 പേരെയെന്ന് സർക്കാർ

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായവരിൽ 132 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ. 31 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും കണക്കുകൾ ഒത്തുനോക്കിയാണ് പുതിയ കണക്ക് സർക്കാർ പുറത്തുവിട്ടത്.

എന്നാൽ കേന്ദ്ര ആഭ്യന്തിര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം ലോക്‌സഭയിൽ പറഞ്ഞ കണക്കുകളുമായി ഇതിന് വ്യത്യാസമുണ്ട്. കേരളത്തിൽ മാത്രം 74 പേർ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് രാജ്നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചത്. അതിനിടെ, ചുഴലിക്കാറ്റിൽ അകപ്പെട്ടുമരിച്ച ഒരാളെക്കൂടി തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി അലക്‌സാണ്ടറാണ് മരിച്ചത്. ആലുവ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശത്തേക്ക് അയച്ചു. ഇതിനിടെ, കടൽ പ്രക്ഷുബ്ദ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഓഖി ദുരന്തം മൂലമുള്ള നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്രസംഘം 26ന് സംസ്ഥാനത്ത് എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധസംഘം മൂന്നായി തിരിഞ്ഞ് ദുരന്തബാധിത ജില്ലകൾ സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗം അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളാണു സന്ദർശിക്കുക.

കേന്ദ്ര ഊർജ മന്ത്രാലയം ഡയറക്ടർ എം.എം.ധകാതെ നേതൃത്വം നൽകുന്ന രണ്ടാമത്തെ സംഘം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകൾ സന്ദർശിക്കും. എറണാകുളം, ആലപ്പുഴ ജില്ലകൾ സന്ദർശിക്കുന്ന ടീമിന് എസ്.തങ്കമണി നേതൃത്വം നൽകും.