എൻ.വൈ.സി കേരള ഘടകത്തെ പിരിച്ചുവിട്ടു; തോമസ് ചാണ്ടിയെ വിമർശിച്ച സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ രംഗത്തുവന്ന എൻ.സി.പി യുവജനവിഭാഗമായ എൻ.വൈ.സിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. കൂടാതെ എൻ.വൈ.സി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുജീബ് റഹ്മാനെ പാർട്ടിയിൽ നിന്ന് എൻ.സി.പി കേന്ദ്രനേതൃത്വം പുറത്താക്കുകയും ചെയ്തു.

എൻ.വൈ.സി ദേശീയ അധ്യക്ഷൻ രാജീവ് കുമാർ ഝാ ആണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. ആരോപണവിധേയനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് മുജീബ് റഹ്മാൻ പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കൊച്ചിയിൽ ചേർന്ന എൻ.സി.പി ജില്ലാ പ്രസിഡന്‍റുമാരുടെ യോഗം മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഈ യോഗത്തിൽ എട്ട് പ്രസിഡന്‍റുമാർ പങ്കെടുത്തിരുന്നു. എന്നാൽ, കണ്ണൂർ, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലാ പ്രസിഡന്‍റുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം, കായല്‍ കൈയേറിയത് അടക്കം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു.