എം.ആർ.പി ക്ക് മുകളിൽ ജി.എസ്.ടി ചുമത്താൻ അനുവദിക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം: പരമാവധി വിലയ്ക്ക് (എം.ആർ.പി ) മുകളിൽ ഒരു കാരണവശാലും ജി.എസ്.ടി ചുമത്താൻ അനുവദിക്കില്ലെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഇത് ലംഘിച്ച നാല്പതോളം വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ അറിയിച്ചു.
നിലവിലെ സ്‌റ്റോക്കിന്റെ കാര്യത്തിൽ ഇടപെടാനാവില്ല. പുതിയ സ്റ്റോക്ക് വരുമ്പോൾ നികുതിയിൽ ആനുപാതികമായ കുറവുണ്ടാവും . ഇത് പാലിച്ചില്ലെങ്കിൽ ആന്റിപ്രോഫിറ്ററിംഗ് (കൊള്ള ലാഭം തടയൽ) വ്യവസ്ഥ പ്രകാരം നടപടി എടുക്കും. ആന്റി പ്രോഫിറ്ററി അതോറിട്ടിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ കേന്ദ്രത്തോടാവശ്യപ്പെടും . കെട്ടിട നിർമാണ വസ്തുക്കളായ ഹോളോബ്രിക്സ്, ഫ്‌ളോർ ടൈൽസ് എന്നിവയുടെ ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 18 ശതമായി കുറയ്ക്കാൻ സെപ്തംബർ 9ലെ ജിഎസ് ടി കൗൺസിലിൽ ആവശ്യപ്പെടും. ചരക്ക് സേവന നികുതി നിരക്കിലെ കുറവും വ്യാപാരികൾക്ക് ലഭിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുപാതിക ആനുകൂല്യവും ഉപഭോക്താവിന് വിലക്കുറവിലൂടെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അതോറിട്ടിയുടെ ലക്ഷ്യം.
സിനിമാ തിയേറ്ററുകളിൽ നേരത്തെ 25 ശതമാനമായിരുന്നു നികുതി .ജി എസ്ടി പ്രകാരം 18 ശതമാനമാണ് വരേണ്ടത്. എന്നാൽ ഇപ്പോൾ ചെയ്യുന്നത് പഴയ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി കൂടി ഈടാക്കുകയാണ് . ഇത് അനുവദിക്കില്ല. ചരക്ക് ഗതാഗതം ട്രാക്ക് ചെയ്യാനുള്ള ഇ-വേ ബിൽ സമ്പ്രദായം ഉടൻ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു