ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ സൈനിക മേധാവി

കറാച്ചി: ഇന്ത്യയുമായി എല്ലാക്കാലത്തും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ സൈനിക മേധാവി ഖമർ ജാവേദ് ബാജ്‌വ പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം തുടരാനുള്ള ആഗ്രഹം നേരത്തെ തന്നെ പാകിസ്ഥാൻ അറിയിച്ചതാണെന്നും സുരക്ഷയിലും സന്പദ്‌വ്യവസ്ഥയിലുമുള്ള പരസ്പര സഹകരണം എന്ന വിഷയത്തിൽ കറാച്ചിയിൽ നടന്ന സെമിനാറിൽ സംസാരിക്കവെ ബാജ്‌വ് വ്യക്തമാക്കി.

അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനം വർദ്ധിച്ചതിനെ തുടർന്ന് പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇന്ത്യ അകലം പാലിച്ചു വരികയായിരുന്നു. ഭീകരാക്രമണങ്ങളെ തുടർന്ന് 2015 ഡിസംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനിലേക്ക് നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിരുന്നു.

ഏഷ്യൻ മേഖലയുടെ കിഴക്ക് ഇന്ത്യയുടെ യുദ്ധക്കൊതി കൊണ്ടും പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ അസ്ഥിരത കൊണ്ടും മേഖലയിൽ കാര്യങ്ങൾ അത്ര സുരക്ഷിതമല്ല. അഫ്ഗാനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക, സാന്പത്തിക തലത്തിൽ പാകിസ്ഥാൻ മുൻകൈ എടുക്കുന്നുണ്ട്. അഫ്ഗാനിലെ ഗോത്ര പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായിുള്ള നടപടികളും വർദ്ധിപ്പിച്ചിട്ടുണ്ട്- ബാജ്‌വ പറഞ്ഞു. ലോകത്തിലെ ഏറ്റവും അസ്ഥിരതയുള്ള മേഖലയിലാണ് ഉൾപ്പെടുന്നതെന്ന് പറഞ്ഞ ബാജ്‌വ, പാകിസ്ഥാൻ വിവിധ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും കൂട്ടിച്ചേർത്തു.