ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ എണ്ണത്തിൽ വർധന

കൊച്ചി: ചികിത്സ തേടി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം കുതിച്ചുയരുന്നതായി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കഴിഞ്ഞവർഷം രോഗ ചികിത്സാർത്ഥമായി മാത്രം 1.80 ലക്ഷം വിദേശികൾ ഇന്ത്യയിലെത്തി. 45 ശതമാനമാണ് വളർച്ച. 2015ൽ ഇന്ത്യയിലെത്തിയത് 1.22 ലക്ഷം പേരാണ്. സുഖ ചികിത്സയ്‌ക്കായി എത്തിയവരുടെ കൂടി കണക്കെടുത്താൽ 2016ൽ ഇന്ത്യയിലെത്തിയത് അഞ്ച് ലക്ഷം വിദേശികളാണ്.
ആരോഗ്യ ടൂറിസം രംഗത്തെ പ്രമുഖ രാജ്യങ്ങളേക്കാൾ ചികിത്സാച്ചെലവ് കുറവാണെന്നതാണ് ഇന്ത്യയ്ക്ക് നേട്ടമാകുന്നത്. ബ്രിട്ടനിൽ ഹൃദയ ശസ്‌ത്രക്രിയയ്ക്ക് 70,000 ഡോളർ മുതൽ ചെലവ് വരും. അമേരിക്കയിലാണെങ്കിൽ ചെലവാകുക ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം ഡോളർ വരെയാണ് (ഏകദേശം ഒരുകോടി രൂപ). ഇന്ത്യയിൽ പരമാവധി ചെലവാകുക 10,000 ഡോളറാണ് (ആറര ലക്ഷം രൂപ). നിലവിൽ 500 കോടി ഡോളറോളമാണ് ഇന്ത്യൻ മെഡിക്കൽ ടൂറിസം മേഖലയുടെ മൂല്യം. 2020ഓടെ ഇത് 800 കോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യൻ മെഡിക്കൽ വാല്യൂ ടൂറിസത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന. അഞ്ച് വർഷത്തിനകം ഇത് 12 ശതമാനത്തിലേക്ക് ഉയർത്താൻ കേരളം ലക്ഷ്യമിടുന്നുണ്ട്.
ലോകത്ത് ഏറ്റവുമധികം പേർ വിദഗ്ദ്ധ ചികിത്സയ്‌ക്കായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ, അമേരിക്കയിലെ ചെലവിനേക്കാൾ 90 ശതമാനം വരെ കുറവാണ് ഇന്ത്യയിലെ ചെലവ്. അതായത്, ഒരു അമേരിക്കകാരന് താൻ സ്വന്തം നാട്ടിൽ ചെലവഴിക്കുന്ന തുകയുടെ പത്ത് ശതമാനം മാത്രം മതി ഇന്ത്യയിൽ അതേ നിലവാരമുള്ള ചികിത്സ നേടാൻ. ആരോഗ്യ ടൂറിസം രംഗത്ത് ഏഷ്യയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നത് തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയാണ്.
അമേരിക്കയിലെ ചെലവിനേക്കാൾ 80 ശതമാനം വരെ കുറവ് മലേഷ്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. തായ്‌ലൻഡ് 75 ശതമാനം, തായ്‌വാൻ 55 ശതമാനം, ദക്ഷിണ കൊറിയ 45 ശതമാനം, സിംഗപ്പൂർ 40 ശതമാനം എന്നിങ്ങനെയും ചികിത്സായിളവ് നൽകുന്നു.