ഇന്ത്യയിലോ വിദേശത്തോ കളിക്കാനാവില്ലെന്ന് ശ്രീശാന്തിനോട് ബി സിസിഐ

ന്യൂ‌ഡൽഹി: ബി.സി.സി.ഐയുടെ വിലക്കിനെ തുടർന്ന് ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനായില്ലെങ്കിൽ മറ്റ് രാജ്യങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കുമെന്ന് പറഞ്ഞ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് മറുപടിയുമായി ബി.സി.സി.ഐ രംഗത്തെത്തി. സ്വന്തം അസോസിയേഷനിൽ വിലക്കുള്ള ഒരു താരത്തിന് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയോ അസോസിയേഷനുകൾക്ക് വേണ്ടിയോ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ ആക്‌ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ നിയമങ്ങൾ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്‌ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ദുബായിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെ, ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അത് വിലക്കിയാൽ മറ്റ് രാജ്യങ്ങളുടെ ടീമിന് വേണ്ടി കളിക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ബി.സി.സി.ഐ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു