ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചാരണം: ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂർവ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടെ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂർവ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം.സമൂഹ മാദ്ധ്യമങ്ങൾ വഴി നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകർക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിൽ.