ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു

ന്യൂഡൽഹി: ആറ് ക്യാപ്ടൻമാർക്ക് കീഴിൽ ഒന്നര പതിറ്റാണ്ടുകളിലധികം ഇന്ത്യയുടെ ബൗളിംഗ് നിരയുടെ നെടുന്തൂണായി നിന്ന ആശിഷ് നെഹ്‌റയുടെ തീതുപ്പുന്ന പന്തുകൾക്ക് വിരമമാകുന്നു. സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിൽ നവംബർ ഒന്നിന് ന്യൂസിലാന്റിനെതിരെ നടക്കുന്ന ടി-20 മത്സരത്തോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു. 38കാരനായ താരം തന്റെ വിരമിക്കൽ തീരുമാനം ടീമിന്റെ പരിശീലകൻ രവി ശാസ്ത്രിയെയും ക്യാപ്‌ടൻ വിരാട് കൊ‌ഹ്‌ലിയെയും ഔദ്യോഗികമായി അറിയിച്ചെന്നും ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.

1999ൽ മുഹമ്മദ് അസ്‌ഹറുദ്ദീന് കീഴിൽ ആരംഭിച്ച തന്റെ കരിയർ അവസാനിപ്പിക്കേണ്ട സമയമായെന്നും ഇനി പുതുമുഖ താരങ്ങൾക്ക് അവസരം നൽകണമെന്നുമാണ് താരത്തിന്റെ നിലപാട്. അടുത്ത തവണ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും നെഹ്‌റ കളിച്ചേക്കില്ലെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഐ.പി.എല്ലിൽ തന്റെ ടീമിന്റെ ബൗളിംഗ് പരിശീലക, ഉപദേശക സ്ഥാനം നെഹ്‌റ ഏറ്റെടുക്കുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇപ്പോൾ ആസ്ട്രേലിയയ്‌ക്കെതിരായ ടി-20 മത്സരത്തിൽ നെഹ്‌റയെ ടീമിലുൾപ്പെടുത്തിയെങ്കിലും കളിക്കാൻ ഇറക്കിയിരുന്നില്ല. തുടർന്നാണ് താരം വിരമിക്കൽ തീരുമാനമെടുത്തതെന്നാണ് വിവരം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 17 ടെസ്‌റ്റുകളിലും 120 ഏകദിനങ്ങളിലും 26 ടി-20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പായം അണിഞ്ഞ നെഹ്‌റ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്‌റ്റ് ബൗളർമാരിലൊരാളായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിൽ 44 വിക്കറ്റുകളും ഏകദിനത്തിൽ 157 വിക്കറ്റുകളും ടി-20യിൽ 34 വിക്കറ്റുകളും നേടിയിട്ടുള്ള നെഹ്‌റ പല ഘട്ടങ്ങളിലും ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പിയായിട്ടുണ്ട്.