ആങ് സാൻ സൂചിയുടെ നോബേൽ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണം

ഓസ്‌ലോ: റോഹിംഗ്യൻ മുസ്ലിങ്ങൾക്കെതിരെയുള്ള മ്യാൻമാർ സർക്കാരിന്റെ നടപടിയിൽ മൗനം പാലിക്കുന്ന ആങ് സാൻ സൂചിയുടെ നോബേൽ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണം. ദി ചെയ്ഞ്ച് ഡോട്ട് ഒആർജി എന്ന വെബ്സൈറ്റ് വഴിയാണ് ഒപ്പുശേഖരണം. ഇതുവരെ 3,65,000ത്തോളം പേരാണ് ഈ ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തിട്ടുള്ളത്. മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമാണ് ആങ് സാൻ സൂചി. അതേസമയം പുരസ്‌കാരം തിരിച്ചെടുക്കില്ലെന്ന് നോബേൽ കമ്മറ്റി വ്യക്തമാക്കി.

സ്വന്തം രാജ്യത്തു നടക്കുന്ന അതിക്രമങ്ങളെ തടയാൻ സൂചി ഒന്നും ചെയ്യുന്നില്ലെന്ന് വെബ്സൈറ്റിലെ പരാതിയിൽ പറയുന്നു. റോ​ഹിംഗ്യൻ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണെന്നും ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നം 18 മാസം കൊണ്ടു മാത്രം പരിഹരിക്കാൻ സാധിക്കില്ലെന്നുമാണ് സൂചിയുടെ നിലപാട്. 1991ലാണ് ആങ് സാൻ സൂചിക്ക് സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം സമ്മാനിക്കുന്നത്. 2010ൽ വീട്ടുതടങ്ങലിൽ നിന്ന് പുറത്തിറങ്ങിയ സൂചി പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു.

അതേസമയം മുസ്ലിം വിഭാഗമായ റോഹിംഗ്യകൾക്ക് നേരെ കനത്ത വംശീയ അതിക്രമങ്ങളാണ് ബുദ്ധ ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ നടക്കുന്നത്. സൈനിക നടപടിയെ തുടർന്ന് നിരവധി ആൾക്കാരാണ് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1.64,000ത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് കടന്നതെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്.