അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം തടയാൻ സർക്കാരും പൊലീസും രംഗത്ത്

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരേ കേരളത്തിൽ സംഘടിത ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം തടയാൻ സർക്കാരും പൊലീസും രംഗത്തിറങ്ങി.ആത്മഹത്യ ചെയ്യുകയും ജോലിക്കിടെ മരിക്കുകയും ചെയ്ത തൊഴിലാളികളുടെ ചിത്രങ്ങൾ സഹിതം വാട്ട്സാപ്പിലൂടെയാണ് കേരളത്തിലും ആറ് സംസ്ഥാനങ്ങളിലും വിദ്വേഷ പ്രചാരണം നടക്കുന്നത്. കേരളത്തിൽ കൊല ചെയ്യപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജ സന്ദേശങ്ങൾ സഹിതമാണ് പ്രചാരണം. ഇതിൽ ഭയചകിതരായി ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. അവരുടെ ഭയാശങ്കയകറ്റാൻ തൊഴിലാളി ക്യാമ്പുകളിൽ നേരിട്ടെത്തി ബോധവത്കരണത്തിന് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.

സർക്കാരിനെ അവമതിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.നെടുമ്പാശേരി, കോഴിക്കോട്ടെ വെള്ളയിൽ, എലത്തൂർ, ഫറോക്ക്, തിരുവനന്തപുരത്തെ തിരുവല്ലം എന്നിവിടങ്ങളിൽ ആത്മഹത്യ ചെയ്തതും ജോലിക്കിടെ മരിച്ചതുമായ അഞ്ച് തൊഴിലാളികളുടെ ചിത്രങ്ങളാണ് കൊല്ലപ്പെട്ടവരെന്ന വ്യാജേന പേരുകൾ സഹിതം പ്രചരിപ്പിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഇതിൽ ഒരു ചിത്രം വിഷാദ രോഗത്തിന് അടിമപ്പെട്ട് കോഴിക്കോട് വെള്ളയിൽ ആത്മഹത്യ ചെയ്ത ബംഗാളിയുടേതാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താൻ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലും അന്വേഷിക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളം സുരക്ഷിതമല്ലെന്നും സർക്കാർ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നുമുള്ള വാട്സാപ് സന്ദേശങ്ങൾ ബംഗാൾ, അസാം, ഉത്തർപ്രദേശ്, ഒഡിഷ, ബീഹാർ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് പ്രചരിപ്പിക്കുന്നത്. സന്ദേശം കേട്ട ബന്ധുക്കളുടെ നിർബന്ധപ്രകാരം തൊഴിലാളികൾ കേരളത്തിൽ നിന്ന് പോകുന്നതായി റിപ്പോർട്ടുണ്ട്.

ഒരു പഞ്ചായത്തിൽ മൂന്ന് അന്യസംസ്ഥാനക്കാർ അപകടത്തിലും മറ്റുമായി മരിച്ചത് ഊതിപ്പെരുപ്പിച്ചാണ് വ്യാജപ്രചാരണമെന്ന് കോഴിക്കോട് സ്പെഷ്യൽബ്രാഞ്ച് അസി.കമ്മിഷണർ വി.എം.അബ്ദുൾവഹാബ് പറഞ്ഞു.സംസ്ഥാനത്ത് കെട്ടിട നിർമ്മാണം, റോഡ് – റെയിൽവേ – ഹോട്ടൽ പണികൾ, സെയിൽസ്‌മാൻ, ആശാരിപ്പണി, ഇലക്‌ട്രിക്കൽ, പാറമട, മീൻപിടിത്തം, തയ്യൽ , മുടിവെട്ട് തുടങ്ങിയ ജോലികൾ ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും ഇതര സംസ്ഥാനക്കാരാണ്. ഇവരിൽ പകുതിയും ബംഗാളികളാണ്. ബംഗ്ലാദേശികളും നേപ്പാളികളും ഉണ്ട്.

വ്യാജപ്രചാരണം സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള
ശ്രമമാണ് – മുഖ്യമന്ത്രി പിണറായി വിജയൻ,
അന്യസംസ്ഥാന തൊഴിലാളികൾക്ക്
കേരളം സുരക്ഷിതമാണ് – പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ.

”കൂടുതൽതൊഴിലാളികൾ മടങ്ങുന്നതിനാൽ റെയിൽവേ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദീപാവലിക്കായും ചിലർ മടങ്ങുന്നുണ്ട്. ആശങ്കവേണ്ട”
-കാളിരാജ് മഹേഷ്‌കുമാർ
കോഴിക്കോട് പൊലീസ് കമ്മിഷണർ

 ഇതര സംസ്ഥാന തൊഴിലാളികൾ – 38 ലക്ഷം
 ഒാരോ വർഷവും പുതുതായി എത്തുന്നവർ -2.50ലക്ഷം
 കൂലിയിനത്തിൽ സമ്പാദിക്കുന്നത് – 25,000കോടി
 എറണാകുളത്ത് – 8 ലക്ഷം
 കൊല്ലം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം – 4 ലക്ഷം വീതം
 തൃശൂർ, മലപ്പുറം, കണ്ണൂർ -3 ലക്ഷം വീതം
 വിവാഹിതരായി സ്ഥിരതാമസമാക്കിയവർ -75000
 ദിവസവേതനം- 300 മുതൽ 800 രൂപ വരെ