അടുത്ത ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നേടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി

അഹമ്മദാബാദ്: അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നേടിയെടുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയ്ക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.

ഇനി വരാൻ പോവുന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഇതിൽ നിന്നും പിന്നോട്ടേക്ക് പോവില്ല. ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണം- രാഹുൽ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്കകത്തുള്ളവർ തന്നെ പാർട്ടിയ്ക്കെതിരായി പ്രവർത്തിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പുതിയൊരു നേതൃനിര രൂപപ്പെട്ടിട്ടുണ്ടെന്നും ഇവരാണ് ഭാവിയിൽ ഗുജറാത്തിനെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.